വാട്സ്ആപ്പ് തങ്ങളുടെ പ്ലാറ്റ്ഫോമിലൂടെ പേയ്മെന്റ്സ് സേവനങ്ങൾ ആരംഭിചിരിക്കുന്നു. പടിപടിയായി പേയ്മെന്റ്സ് ഫീച്ചറിന്റെ യൂസർ ബേസ് ഉയർത്തുകയും കൂടുതൽ യൂസേഴ്സിനെ സേവനങ്ങളിലേക്ക് ആകർഷിക്കുകയും ചെയ്യുകയാണ് വാട്സ്ആപ്പ്. ഇങ്ങനെ യൂസേഴ്സിനെ ആകർഷിക്കാനുള്ള വാട്സ്ആപ്പിന്റെ തന്ത്രങ്ങളിൽ ഒന്നാണ് ക്യാഷ്ബാക്കുകൾ. മൊത്തം 105 രൂപ വരെയാണ് പേയ്മെന്റ് ഫീച്ചർ വഴി സാമ്പത്തിക ഇടപാടുകൾ നടത്തുന്ന യൂസേഴ്സിന് കമ്പനി ഓഫർ ചെയ്യുന്നത്. വാട്സ്ആപ്പ് വഴി എങ്ങനെയാണ് ഈ 105 രൂപ ക്യാഷ്ബാക്ക് ലഭ്യമാക്കുന്നത് എന്ന് നിങ്ങൾക്കറിയാമോ ?
നിങ്ങളുടെ സുഹൃത്തുക്കൾക്കോ കുടുംബാംഗങൾക്കോ പണം അയച്ച് ക്യാഷ്ബാക്ക് ആനുകൂല്യം നേടാൻ കഴിയും. ഒരു തവണ പണം അയക്കുമ്പോൾ 35 രൂപ ക്യാഷ്ബാക്ക് ലഭിക്കും. ഇങ്ങനെ മൂന്ന് തവണ ക്യാഷ്ബാക്ക് ( വ്യത്യസ്ത കോൺടാക്റ്റുകൾക്ക് അയക്കുമ്പോൾ ) ലഭിക്കും. ക്യാഷ്ബാക്ക് പ്രമോഷൻ വ്യത്യസ്ത ഉപയോക്താക്കൾക്ക് വ്യത്യസ്ത സമയങ്ങളിൽ ലഭ്യമാകും. പ്രമോഷൻ നിങ്ങൾക്ക് ലഭ്യമായിക്കഴിഞ്ഞാൽ, അത് പരിമിത കാലത്തേക്ക് മാത്രമായിരിക്കും എന്നതും ശ്രദ്ധിക്കണം. വാട്സ്ആപ്പ് ക്യാഷ്ബാക്ക് ലഭിക്കാൻ പണം അയയ്ക്കുന്നവരും സ്വീകരിക്കുന്നവരും അറിയേണ്ടതും പാലിക്കേണ്ടതുമായ മാനദണ്ഡങ്ങൾ ചുവടെ നൽകിയിരിക്കുന്നു.
മാനദണ്ഡങ്ങൾ: -
1 - ഏറ്റവും പുതിയ വാട്സ്ആപ്പ് വേർഷൻ ഉപയോഗിക്കുക.
2- കഴിഞ്ഞ 30 ദിവസമെങ്കിലും ഒരേ വാട്സ്ആപ്പ് അക്കൗണ്ട് ഉപയോഗിച്ചിരിക്കണം.
3 - വാട്സ്ആപ്പ് ബിസിനസ് അക്കൌണ്ടുകൾക്ക് ഓഫർ ലഭിക്കില്ല.
4- എല്ലാവർക്കും പ്രൊമോഷൻ ഇൻസെന്റീവ് ലഭിക്കാൻ അർഹതയില്ല.
5 - മൂന്ന് തവണ ക്യാഷ്ബാക്ക് ലഭിക്കുന്നവർക്ക് പിന്നീട് ക്യാഷ്ബാക്ക് ലഭിക്കില്ല.
6 - ഗിഫ്റ്റ് ഐക്കൺ കാണുന്നവർക്ക് പണം അയയ്ക്കുമ്പോൾ മാത്രമാണ് ക്യാഷ്ബാക്ക് ലഭിക്കുക.
7 - അയക്കുന്നയാളും സ്വീകരിക്കുന്നയാളും വാട്സ്ആപ്പ് പേയ്മെന്റ് ഫീച്ചറിൽ രജിസ്റ്റർ ചെയ്തിരിക്കണം.
8 - ഇന്ത്യയിൽ തന്നെയുള്ളവരായിരിക്കണം.
ക്യാഷ് ബാക്ക് ലഭിക്കാത്ത ഇടപാടുകൾ :-
1 - ആപ്പിൽ ഗിഫ്റ്റ് ഐക്കൺ കാണാത്തപ്പോൾ അയച്ച പേയ്‌മെന്റുകൾ .
2 - ക്യൂആർ കോഡ് സ്കാൻ ചെയ്ത് നടത്തിയ പേയ്‌മെന്റുകൾ .
3 - കളക്റ്റ് റിക്വസ്റ്റുകളിൽ നടത്തിയ പേയ്‌മെന്റുകൾ.
4 - സ്വീകർത്താവിന്റെ യുപിഐ ഐഡി നൽകി നടത്തിയ പേയ്‌മെന്റുകൾ.
5 - തേർഡ് പാർട്ടി ഓൺലൈൻ ആപ്പുകളിൽ നടത്തുന്ന പേയ്‌മെന്റുകൾ.
വാട്ട്സ്ആപ്പ് ഉപയോഗിച്ച് എങ്ങനെ പണം അയയ്ക്കാം ?
1 - ആദ്യം കോൺടാക്റ്റ് സെലക്റ്റ് ചെയ്യുക.
2 - ചാറ്റ് ബോക്‌സിന് സമീപമുള്ള പേയ്‌മെന്റ് ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
3 - ക്ലിക്ക് ചെയ്യുമ്പോൾ തന്നെ ബാങ്ക് അക്കൌണ്ട് ചേർക്കാനുള്ള പോപ് അപ്പ് വരും.
4 - ഗെറ്റ് സ്റ്റാർട്ടഡ് ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
5 - ബാങ്കിന്റെ പേര് സെലക്റ്റ് ചെയ്യുക.
6 - അടുത്ത പേജിൽ വെരിഫൈ ഓപ്ഷൻ കാണാൻ കഴിയും
ഇതിൽ ക്ലിക്ക് ചെയ്ത് നിങ്ങളുടെ മൊബൈൽ നമ്പർ വെരിഫൈ ചെയ്യുക
( പേയ്‌മെന്റുകൾ ഉപയോഗിക്കുന്നതിന് നിങ്ങളുടെ വാട്സ്ആപ്പ് നമ്പറും ബാങ്ക് അക്കൗണ്ടിൽ രജിസ്റ്റർ ചെയ്ത നമ്പറും ഒന്നായിരിക്കണം എന്നത് ശ്രദ്ധിക്കണം ).
7 - വെരിഫിക്കേഷൻ കഴിഞ്ഞാൽ നിങ്ങളുടെ ബാങ്ക് അക്കൗണ്ട് ചേർക്കുക
ഇതിനായി ആഡ് ഓപ്‌ഷനിൽ ക്ലിക്ക് ചെയ്യുക.
8 - തുടർന്ന് കണ്ടിന്യൂ ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
9 - ബാങ്ക് അക്കൗണ്ട് ചേർത്ത് കഴിഞ്ഞാൽ, നൽകിയിരിക്കുന്ന സ്ഥലത്ത് തുക നൽകുക.
10 - നെക്സ്റ്റ് ബട്ടണിൽ ക്ലിക്ക് ചെയ്യുക
ഒന്നിൽ കൂടുതൽ ബാങ്ക് അക്കൌണ്ടുകൾ ചേർത്തിട്ടുണ്ടെങ്കിൽ ഇടപാട് നടത്തേണ്ട ബാങ്ക് അക്കൗണ്ട് സെലക്റ്റ് ചെയ്യുക.
11 - സെൻഡ് പേയ്‌മെന്റ് എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യണം
ഇവിടെ യുപിഐ പിൻ നൽകി കൺഫേം ചെയ്യണം.