ഓൺലൈൻ പഠനത്തിനും ഓഫിസ് ജോലിക്കും വിഡിയോ കാണാനും ഗെയിം കളിക്കാനും മറ്റാരാണ് നമ്മുടെ സഹായിയായി അവതരിക്കുന്നത്? എന്നാൽ, ഇടിച്ചുപെയ്യുന്ന മഴയോ മുടക്കം വരുന്ന സിഗ്‌നലോ വന്നാൽ കാര്യങ്ങൾ അവതാളത്തിലാകുന്നതായി നമുക്ക് കാണാനാവും.
റൗട്ടറിന് സിഗ്നൽ കുറവാണെങ്കിൽ നമ്മളുടെ ആ ദിവസം തന്നെ പോക്കാണ്. സിഗ്നൽ കുറയുമ്പോൾ റീസ്റ്റാർട്ട് ചെയ്യുകയും റൗട്ടർ കൊട്ടി നോക്കുകയുമൊക്കെ ചെയ്യുന്നയാളാണോ നിങ്ങൾ? എന്തൊക്കെ കാര്യങ്ങളാണ് മെച്ചപ്പെട്ട കണക്‌ഷൻ നേടാൻ ശ്രദ്ധിക്കേണ്ടത്? സെർവർ തകരാറ് എന്ന പതിവ് പല്ലവിയിൽ നിന്ന് നമുക്കെങ്ങനെ മോചനം നേടാം? എങ്ങനെ ഹൈഫൈ നിലവാരത്തിൽ വൈഫൈ നേടിയെടുക്കാം
സ്‌ഥലം പ്രധാനം
റൗട്ടർ വയ്ക്കുന്ന സ്‌ഥലം വളരെ പ്രധാനമാണ്. വീട്ടിൽ ഏറ്റവും ഫോൺ സിഗ്‌നൽ കിട്ടുന്നയിടം കേന്ദ്രീകരിച്ചാവണം ഇവ സ്‌ഥാപിക്കാൻ. അത് സിഗ്നൽ മെച്ചപ്പെടുത്താൻ നമ്മളെ സഹായിക്കും. ഒരുവശത്തേക്കു മാത്രമല്ല ചുറ്റിലും കവറേജ് ലഭ്യമാകുന്ന തരത്തിലാണ് റൗട്ടറുകൾ സിഗ്നൽ പുറപ്പെടുവിക്കുന്നത്. അതിനാൽ മുറിയുടെ മൂലയിൽ ഒതുക്കി വയ്ക്കാതെ നടുവിലേക്ക് മാറ്റി സ്ഥാപിച്ചാൽ സിഗ്നൽ മെച്ചപ്പെടും.
ഇത് കൂടാതെ വലിയ ലോഹ വസ്തുക്കളോ, ഹെവി ഡ്യൂട്ടി ഇലക്ട്രോണിക് ഉപകരണങ്ങളോ ഉള്ള സ്ഥലങ്ങളിൽനിന്ന് മാറ്റിവേണം റൗട്ടർ സ്ഥാപിക്കാൻ. ടിവി, റഫ്രിജറേറ്റർ, ബേബി മോനിറ്റർ, ബ്ലൂടൂത്ത് ഹെഡ്സെറ്റ് മുതലായവ സമീപത്തുണ്ടെങ്കിൽ അതും റൗട്ടറിന്റെ പ്രകടനത്തെ ബാധിക്കും
ഗിഗാബിറ്റ് റൗട്ടർ വ്യത്യാസം വരുത്തും
2.4 Ghz വയർലെസ് ബാൻഡ് ആണ് പ്രധാനപ്പെട്ട എല്ലാ വൈഫൈ റൗട്ടറുകളും ഉപയോഗിക്കുന്നത്. ഇതേ വിഭാഗത്തിലുള്ള എയർ വേവ്സ് ഉപയോഗിക്കുന്ന ബ്ലൂടൂത്ത് സ്പീക്കറുകളോ ബേബി മോനിറ്ററുകളോ സമീപത്തുണ്ടെങ്കിൽ അതും സിഗ്നലിനെ ബാധിക്കുമെന്നാണ് വിദഗ്‌ധർ പറയുന്നത്.
വേഗമേറിയ വൈഫൈ ലഭിക്കാൻ സഹായിക്കുന്ന ഉപകരണമാണ് ഗിഗാബിറ്റ് റൗട്ടർ. ഇതിന്റെ വേഗം കേട്ടാൽ പെട്ടെന്ന് ആരുമൊന്ന് ഞെട്ടും! സെക്കന്റിൽ 1000 എംബി ആണ് വേഗം. സെക്കന്റിൽ 100 എംബി വേഗമുള്ള സാധാരണ റൗട്ടറിന് വേഗം കൂട്ടാൻ ഇതിലും എളുപ്പമേറിയ മറ്റൊരു മാർഗമില്ല. എന്താണ് ഇവയുടെ വേഗം കൂട്ടാൻ സഹായിക്കുന്ന ഘടകം? ഗിഗാബിറ്റ് റൗട്ടറിന്റെ പിന്നിൽ കാണാനാവുന്ന ഏതർനെറ്റ് പോർട്ടുകൾക്ക് ഈ കാര്യത്തിൽ വലിയ വ്യത്യാസം വരുത്താൻ കഴിയും. സാധാരണ റൗട്ടറിലും ഉയർന്ന ട്രാൻസ്‌ഫർ സ്പീഡ് ഉണ്ടെന്നതാണ് ഏതർനെറ്റ് പോർട്ടുകൾ വരുതുന്ന വ്യത്യാസം. ഇത് വൈഫൈയുടെ വേഗത്തിലും പ്രതിഫലിക്കും.
മോഡം ശ്രദ്ധിക്കണം
മോഡത്തിനു സംഭവിക്കുന്ന തകരാറുകൾ വേഗമുള്ള കണക്‌ഷൻ ലഭിക്കാതെ പോവാൻ പലപ്പോഴും കാരണമായി തീരാറുണ്ട്. സാധാരണഗതിയിൽ രണ്ട് മുതൽ നാല് വർഷം വരെയാണ് ശരാശരി മോഡത്തിന്റെ ആയുസ്സ്. അതുകൊണ്ട് തന്നെ കൃത്യമായ ഇടവേളകളിൽ മോഡം പരിശോധിക്കുന്നത് ഗുണനിലവാരമുള്ള, വേഗമേറിയ ഇന്റർനെറ്റ് ലഭിക്കുന്നതിന് വളരെ സഹായിക്കും.
കട്ടാകുന്നത് വൈഫൈയോ ഇന്റർനെറ്റോ?
'വൈഫൈ കണക്റ്റഡ് വിതൗട്ട് ഇന്റർനെറ്റ്' എന്ന സന്ദേശം എപ്പോഴെങ്കിലും ഫോണിൽ ലഭിച്ചിട്ടുണ്ടോ? മിക്കയാളുകൾക്കും ലഭിച്ചിരിക്കാൻ സാധ്യതയേറെയാണ്. വൈഫൈ ആണോ ഇന്റർനെറ്റ് ആണോ പ്രവർത്തിക്കാത്തത് എന്ന കാര്യത്തിൽ ആദ്യം നമ്മൾ ഉറപ്പുവരുത്തണം. പലപ്പോഴും നമ്മൾ കണക്ഷൻ എടുക്കുമ്പോൾ ചാനൽ സിലക്ഷൻ 'ഓട്ടമാറ്റിക്' ആയിരിക്കുമ്പോഴാണ് തടസ്സം നേരിടുന്നത്. ഇത് വൈഫൈ പ്രവർത്തിക്കുമ്പോഴും ഇന്റർനെറ്റ് കിട്ടാതെ വരുന്ന സാഹചര്യം ഉണ്ടാക്കുന്നു. ഇതിനെ മറികടക്കാൻ 'ഫിക്‌സഡ് ചാനൽ' എന്ന ഓപ്‌ഷനിലേക്ക് വൈഫൈ സെറ്റിങ്‌സ് മാറ്റിയെടുത്താൽ മതിയാകും.
ക്യൂഒഎസ് എന്ന രക്ഷകൻ
എന്താണ് ക്വാളിറ്റി ഓഫ് സർവീസ് എന്ന ക്യൂഒഎസ് ചെയ്യുന്നത്? ലഭ്യമായ ബാൻഡ്‌വിഡ്ത്ത് വിവിധ ആപ്ലിക്കേഷനുകൾക്ക് ആവശ്യമായ അളവിൽ പങ്കുവയ്ക്കുന്ന ജോലിയാണ് ക്യൂഒഎസ് നിർവഹിക്കുന്നത്. വീട്ടിൽ ലാപ്ടോപ്പും മൊബൈലും പേഴ്‌സണൽ കംപ്യൂട്ടറും പ്രവർത്തിപ്പിക്കുന്നതിന് ആവശ്യമായ വേഗം ക്യൂഒഎസ് പരിശോധിച്ചുകൊള്ളും എന്നതാണ് ഇതിന്റെ പ്രത്യേകത. ഏത് ഉപകാരണത്തിനാണ് കൂടുതൽ വേഗം വേണ്ടതെന്നതും മറ്റുമുള്ള കാര്യങ്ങൾ സ്വന്തം ആവശ്യാനുസരണം ക്രമീകരിക്കുകയും ചെയ്യാം. റൗട്ടറിന്റെ ക്യൂഒഎസ് പരിശോധിക്കുന്നതിന് സ്വന്തം റൗട്ടറിന്റെ ഐപി അഡ്രസ് ബ്രൗസറിൽ രേഖപ്പെടുത്തുകയാണ് ചെയ്യേണ്ടത്.
വേറെയുമുണ്ട് കാരണങ്ങൾ...
ഫിഷ് ടാങ്കിനും കണ്ണാടിക്കും സമീപത്തുനിന്ന് റൗട്ടറുകൾ മാറ്റിവയ്ക്കുന്നതാണ് നല്ലതെന്ന് വിദഗ്ധർ പറയുന്നു. വെള്ളം വൈഫൈ സിഗ്നലിനെ തടയുന്നതിനാൽ ട്രാൻസ്മിഷൻ സ്പീഡ് കുറഞ്ഞേക്കാം. ഇത് കൂടാതെ സിഗ്നലിനെ പ്രതിഫലിപ്പിക്കുന്ന കണ്ണാടിയും റൗട്ടറിന്റെ പെർഫോമൻസ് കുറയ്ക്കും. ഇതിനാൽ റൗട്ടർ അൽപം ഉയർത്തിവയ്ക്കുന്നതാണ് സിഗ്നൽ നന്നായി കിട്ടാൻ ഏറ്റവും നല്ലത്. ഉള്ളിലും പുറത്തും ആന്റിനയുള്ള വ്യത്യസ്ത മോഡൽ റൗട്ടറുകൾ ഇന്നു ലഭ്യമാണ്. ഒന്നോ രണ്ടോ ആന്റിനയുള്ള റൗട്ടറുകളുമുണ്ട്. 2 ആന്റിനയുള്ള റൗട്ടറാണെങ്കിൽ ആന്റിനകൾ ലംബമായി വയ്ക്കുന്നതും റൗട്ടറിന്റെ പെർഫോമൻസ് വർധിപ്പിക്കും.